Thursday, 10 May 2018

7. വൈദ്യുതി വീട്ടില്‍ എത്തിയാല്‍


.  
വൈദ്യുത പോസ്റ്റുകളില്‍ കെട്ടിയ ശിരോപരി  ലൈന്‍ വഴിയോ  ഭൂമിക്കടിയില്‍ കുഴിച്ചിട്ട അന്തര്‍ ഭൌമ കേബിളുകള്‍  വഴിയോ  വൈദ്യുതി  വീടിനടുത്ത്   വരെ  വരുന്നു. അവിടെ  നിന്ന്  വീട്ടിലേക്ക്    സേവാ മേയിനുകള്‍  (service  mains)   വഴിയാണ്  വീട്ടില്‍ പുറത്തു വച്ചിട്ടുള്ള മീറ്റര്‍  ബോര്‍ഡിലേക്ക് വൈദ്യുത ബന്ധം കൊടുക്കുനത്.  ഇതിനു വേണ്ടി നല്ലതരം ഇന്‍സുലേഷന്‍ കൊണ്ടു കവചം ഉള്ള അലുമിനിയം കമ്പിയോ ചെമ്പു കമ്പിയോ ആണ്  ഉപയോഗിക്കുന്നത് . Weather proof WP എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കമ്പി  ഏതാനും മീറ്ററുകള്‍  മാത്രമേ  ഉണ്ടാവൂ.    വീട്  റോഡിന്റെ  അരികില്‍ ആണ് , വീടിനടുത്തു ഇലക്ട്രിക് പോസ്റ്റ്  ഉണ്ടെങ്കില്‍    വീട്ടിലേക്കു  വൈദ്യുതി  എടുക്കുന്നത് എളുപ്പമായി. അടുത്തു പോസ്റ്റ്  ഇല്ലെങ്കില്‍  ദൂരത്തിനനുസരിച്ചു എത്ര പോസ്റ്റ് വേണം എന്നതനുസരിച്ച് ഇലക്ട്രിസിറ്റി  ബോര്‍ഡില്‍   പണം കെട്ടി വച്ച്   ലൈന്‍  വലിച്ചു വീട്ടിനടുത്ത്  വൈദ്യുതി എത്തിക്കെണ്ടതാവശ്യമായി  വരുന്നു. അവനവന്റെ ചിലവില്‍   ഇത്  ബോര്‍ഡു  ചെയ്തു തരും  (Own your electricity) .മറ്റാരുടെഎങ്കിലും വസ്തുവില്‍  കൂടി   ലൈന്‍ വലിക്കണമെങ്കില്‍  അവരുടെ രേഖാമൂലമായ സമ്മതവും ആവശ്യമാണ്‌.  
ചിത്രം.1. വൈദ്യുതി വീട്ടില്‍  മീറ്റര്‍ ബോര്‍ഡു -സിംഗിള്‍ ഫെയ്സ് 



 സേവാ മെയിനില്‍  കൂടി    വീടിനു  പുറത്തു   ഒരു മീറ്റര്‍  ബോര്‍ഡില്‍ ആണ് വൈദ്യുതബന്ധം കൊടുക്കുന്നത്.  വീട്ടില്‍ ഉപയോഗിക്കുന്ന  വൈദ്യുത  ഊര്‍ജം  എത്ര യൂണിറ്റാണ്  എന്ന്  അളക്കാന്‍  വൈദ്യുത മീറ്റര്‍  സ്ഥാപിക്കുന്നു.  ലൈനില്‍  നിന്ന്  ഈ മീറ്ററിലെക്കാന്  ബന്ധം കൊടുക്കുന്നത്. അതിനു ശേഷം  വലിയ   ഫ്യുസുകള്‍  (കട്ടൌട്ട് ) എന്ന് പറയുന്നതും പിന്നീട്   വീട്ടിലേക്കുള്ള  വൈദ്യുത  വിതരണം ഒറ്റയടിക്ക്   ഒഴിവാക്കാനുതകുന്ന  മെയിന്‍ സ്വിച്ചും  സ്ഥാപിക്കുന്നു. ഈ  മീറ്റര്‍ ബോര്‍ഡു (ചിത്രം.1.)  വീടിനു പുറത്തു  വൈദ്യുതി   നല്‍കുന്ന  സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്മാര്‍ക്ക്  ആവശ്യ മെങ്കില്‍   പുറത്തു നിന്ന്  പരിശോധിക്കുവാന്‍  കഴിയുന്ന ഇടത്തിലായിരിക്കണം . വീട്ടിനുള്ളില്‍  ആവരുത്  എന്ന് സാരം .  മീറ്റര്‍  റീഡിംഗ്  എടുക്കാനും  ആവശ്യമെങ്കില്‍  മറ്റു  പരിശോധനകള്‍ക്കും ആണ് ഇത്.
ചിത്രം.2.  വൈദ്യുത വിതരണ ബോര്‍ഡു  വീട്ടിനുള്ളില്‍ 

മെയിന്‍ സ്വിച്ചില്‍ നിന്ന് വൈദ്യുതി  വീട്ടിനുള്ളില്‍  ഉള്ള  വിതരണബോര്‍ഡിലേക്ക് എത്തിക്കുന്നു.  വീട് വക്കുമ്പോള്‍ തന്നെ  ഭിത്തി  തുരന്നു   പൈപ്പുകളില്‍  പുറത്ത്  കാണാത്ത  രീതിയില്‍ ആണ്  ഇപ്പോള്‍    വീട്ടിലെ  വയറിംഗ് (concealed  wiring) ചെയ്യുന്നത്.  വീട്ടില്‍ ഉടനെ ഉള്ളതും ഭാവിയില്‍  ഉണ്ടാകാവുന്നതുമായ എല്ലാ  ഇലക്ട്രിക്കല്‍  ഉപകരണങ്ങളും  ബന്ധിപ്പിക്കാന്‍  ഉതകുന്ന രീതിയില്‍ ആയിരിക്കണം  വയറിംഗ്  ചെയ്യേണ്ടത്.    ഇടത്തരം  വലിയ  വീടുകളില്‍    അടുത്തടുത്ത  മുറികളിലെ  ഉപകരണങ്ങള്‍  കൂട്ടം കൂട്ടമായി   വേറെ  വേറെ    പരിപഥം  ആക്കിയാണ്   ബന്ധിപ്പിക്കുന്നത്.   ഓരോ  പരിപഥത്തിനും  പ്രത്യേകം ഫ്യുസ് യൂണിറ്റോ   ചെറിയ തരം  പരിപഥ ഛെദകമോ (Miniature  Circuit Breaker  MCB) ഉണ്ടായിരിക്കും. കൂടുതല്‍  ശക്തി  ഉപയോഗിക്കുന്ന റെഫ്രിജെറെറ്റര്‍ ,  ഇസ്തിരിപ്പെട്ടി , അലക്ക് യന്ത്രം , വെള്ളം പമ്പ് ചെയ്യാനുള്ള  മോട്ടോര്‍ ഇവക്കു  പ്രത്യേകം  വയറിംഗ് ഉണ്ടാവും . സാധാരണ  വിളക്കുകള്‍ക്കും  ഫാനിനും  മറ്റും  സാധാരണ  വയരിങ്ങും .   ഇലക്ട്രിക്കല്‍  വയരിങ്ങിനെ കുറിച്ച് തുടര്‍ന്നു അറിയാം .

No comments:

Post a Comment